അനുരഞ്ജനം അഥവാ അനുതാപം, തെറ്റുകളും പാപങ്ങളും ദൈവസന്നിധിയിൽ ഏറ്റുപറയുന്ന പ്രവൃത്തിയാണ്. അത് ദൈവസന്നിധിയിൽ ചെയ്യേണ്ട ഒരു കാര്യം ആണ്. ആരൊക്കെ അന്യോന്യം പാപം ചെയ്തോ, ആ പാപങ്ങൾ അവരവർ അന്യോന്യം ഏറ്റുപറഞ്ഞ്, പ്രാർത്ഥിപ്പിൻ എന്നാണ് പറയുന്നത് – യാക്കോബ് 5:16. അതായത് ഒരുവൻ ആരോടു പാപം ചെയ്തോ അയാളോട് ഏറ്റുപറഞ്ഞ് അതിന് പരിഹാരം ചെയ്ത്, അതിന് ശേഷം ദൈവത്തോടും ഏറ്റുപറഞ്ഞ് പ്രാർത്ഥിപ്പിൻ എന്നാണ് പറയുന്നത്. ദൈവം ഒരു കൃപ ചെയ്യുമ്പോൾ പിന്നീട് പാപം ചെയ്യാതിരിക്കാൻ സ്വാഭാവികമായും മനുഷ്യൻ ശ്രമിക്കും. കൃമേണ പാപങ്ങൾ ഒഴിവാകും, പാപം ഒഴിവാക്കാനാണ് ദൈവം ശ്രമിക്കുന്നത്.
ദൈവത്തിനല്ലാതെ ആർക്കും പാപം മോചിക്കാൻ അധികാരമില്ല. പാപമുള്ള മനുഷ്യർക്ക് എങ്ങനെ മറ്റുള്ളവരുടെ പാപം മോചിക്കാൻ കഴിയും? യേശുക്രിസ്തു ദൈവത്തിൽ നിന്ന് വന്നതുകൊണ്ടും, യേശുക്രിസ്തുവിന് ദൈവാത്മാവ് ഉള്ളതുകൊണ്ടും യേശുക്രിസ്തുവിന് പാപം മോചിക്കാൻ കഴിയുമായിരുന്നു. അത് യഥാർത്ഥത്തിൽ മോചിക്കപ്പെടുകയും ചെയ്യും. എന്നാൽ ഇന്ന് മനുഷ്യർ ചെയ്യുന്നതുപോലെ പാപമോചനം കൊടുത്താൽ അത് യഥാർത്ഥത്തിൽ മോചിക്കപ്പെടുകയില്ല. ആ പാപം അവരുടെ ജീവിതത്തിൽ ഉണ്ടാകും, അവർ അവരുടെ പാപത്തിൽ മരിക്കും.
ആദ്യകാല ക്രൈസ്തവരിൽ അനുതാപം അഥവാ അനുരഞ്ജനം ഉണ്ടായിരുന്നു, അല്ലാതെ ഇന്നുകാണുന്ന കുമ്പസാരരീതി ഇല്ല. മതത്തിലെ നടത്തിപ്പുകാർ ഉണ്ടാക്കിയ ആചാരമാണ് കുമ്പസാരം. ഇന്നത്തെ കുമ്പസാരത്തിന് അനുരഞ്ജനവുമായി യാതൊരു ബന്ധവും ഇല്ല. തങ്ങളുടെ കീഴിലുള്ളവർ എക്കാലവും പാപത്തിൻ്റെ കീഴിൽ ആണെന്ന ബോധ്യത്തിൽ നില്‍ക്കുന്നു.