ദൈവത്തിൻ്റെ നാമത്തിൽ പള്ളി പണിയണമെങ്കിൽ ദൈവത്തിൻ്റെ അനുമതി വേണം! നിലവിൽ അതിനുള്ള അനുമതിയില്ല. നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും, നിലവിലുള്ള ദേവാലയങ്ങളൊന്നും ദൈവത്തിൻ്റെ നാമത്തിൽ അല്ല. അത് സഭ വിശുദ്ധരായി പ്രഖ്യാപിച്ച മനുഷ്യരുടെ പേരിൽ ആയിരിക്കും. ദേവാലയം നിർമ്മിക്കാൻ ദൈവത്തിൽ നിന്ന് അനുമതിയില്ല. ബലിയോ അനുഷ്‌ടാനങ്ങളോ ചെയ്യുന്നതിൽ ദൈവത്തിൽ നിന്ന് അനുമതിയില്ല. പല സഭകളും പണിയുന്നത് പ്രാർത്ഥനാലയം ആണ്, അത് പള്ളിയോ ദേവാലയമോ അല്ല.
യഹൂദർ പ്രാർത്ഥിച്ചിരുന്നത് സിനഗോഗുകളിലാണ് (പ്രാർത്ഥനാലയം). ദാവിദിൻ്റെ മകൻ സോളമനാണ് “ജറുസലേം ദേവാലയം” പണികഴിപ്പിച്ചത്. അതാണ് യഹൂദർ നിർമ്മിച്ച ഒരേയൊരു പള്ളി. അതാണ് ലോകത്തിൽ “ദൈവനാമത്തിൽ” ഉണ്ടായിരുന്ന ഒരേയൊരു പള്ളി. മലയിലാണ് യഹൂദർ ബലിയർപ്പിച്ചിരുന്നത്. ജറുസലേംദേവാലയം പണിതശേഷം ജറുസലേംദേവാലയത്തിൽ മാത്രമാണ് ബലിയർപ്പിക്കാൻ യഹൂദർക്ക് അനുമതി ഉണ്ടായിരുന്നത്.
ഈ പ്രതീകാത്മദേവാലയത്തിൽ നിന്ന് ശരിയായ ദേവാലയം കാണിച്ചുകൊടുക്കേണ്ട ദൗത്യം ക്രിസ്തുവിന് ഉണ്ടായിരുന്നു. ക്രിസ്തു ഈ ദേവാലയം തകർത്തു, പകരം യഥാർത്ഥ ദേവാലയം കാണിച്ചു കൊടുത്തു. മനുഷ്യർ ആണ് ദൈവം വസിക്കുന്ന ദേവാലയം. മനുഷ്യനിർമ്മിതമായ ഒന്നിലും ദൈവം വസിക്കില്ല. ശരീരം ആകുന്നു ആലയം.
എങ്ങനെയാണ് ദൈവത്തെ ആരാധിക്കേണ്ടത് എന്നും, എന്താണ് ദേവാലയം എന്നും യേശുക്രിസ്തു പഠിപ്പിച്ചു. പള്ളി എന്നാൽ “പ്രാർത്ഥനാലയം” ആണെന്നും അത് “സകല ജാതികൾക്കും” പ്രാർത്ഥിക്കാൻ ഉള്ളതാണെന്നും, യഥാർത്ഥ ദേവാലയം മനുഷ്യർ ആണെന്നും ക്രിസ്തു പഠിപ്പിച്ചു. ഭൗതികദേവാലയം ഒരു പ്രതീകമായിരുന്നു. നിലവിൽ വിവിധ സഭകൾ പണിയുന്ന കൃത്രിമദേവാലയങ്ങൾ, യഥാർത്ഥ ദേവാലയം എന്തെന്ന് മറച്ച് കളയുന്നു. പ്രാർത്ഥനാലയം “സകല ജാതികൾക്കും” പ്രാർത്ഥിക്കാൻ ഉള്ളതാണ്. എന്നാൽ കൃതിമദേവാലയങ്ങളിൽ നടക്കുന്നത് അനുഷ്‌ഠാനങ്ങളും, അതിനുള്ള പണപ്പിരിവും ആണ്.
“നിങ്ങൾ ദൈവത്തിൻ്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളിൽ വസിക്കുന്നുവെന്നും നിങ്ങൾ അറിയുന്നില്ലേ?” (1 കോറിന്തോസ് 3:16)
“നമ്മൾ ജീവിക്കുന്ന ദൈവത്തിൻ്റെ ആലയമാണ്.” (2 കോറിന്തോസ് 6:16)
“ദൈവം മനുഷ്യനിർമിതമായ ആലയങ്ങളിലല്ല വസിക്കുന്നത്” (അപ്പ:പ്ര 17:24)
“അത്യുന്നതൻ കൈപ്പണിയായതിൽ വസിക്കുന്നില്ലതാനും. സ്വർഗ്ഗം എനിക്കു സിംഹാസനവും ഭൂമി എൻ്റെ പാദപീഠവും ആകുന്നു. നിങ്ങൾ എനിക്കു പണിയുന്ന ആലയം ഏതുവിധം?” (അപ്പ:പ്ര 7:48)