പ്രാര്‍ത്ഥന എന്താണെന്ന് ലോകം നിങ്ങളില്‍ നിന്ന് മറച്ചു വച്ചിരിക്കുകയാണ്. നിങ്ങളുടെ മോഹങ്ങൾ ചോദിച്ച് വാങ്ങുക, അതല്ല പ്രാർത്ഥന. ദൈവത്തോടുള്ള സംഭാഷണമാണ് പ്രാർത്ഥന.
“നിങ്ങൾ പ്രാർത്ഥിക്കുമ്പോള്‍ കപടനാട്യക്കാരെപ്പോലെ ആകരുത്. അവർ മറ്റുള്ളവരെ കാണിക്കാൻ വേണ്ടി സിനഗോഗുകളിലും തെരുവീഥികളുടെ കോണുകളിലും നിന്നു പ്രാർത്ഥിക്കാനാണ് ഇഷ്ടപ്പെടുന്നത്.” (മത്തായി 6: 5).
“പ്രാർത്ഥിക്കുമ്പോൾ വിജാതീയരെപ്പോലെ നിങ്ങൾ അതിഭാഷണം ചെയ്യരുത്. അതിഭാഷണം വഴി തങ്ങളുടെ പ്രാർത്ഥന കേൾക്കുമെന്ന് അവർ കരുതുന്നു. നിങ്ങൾ അവരെപ്പോലെ ആകരുത്. നിങ്ങൾ ചോദിക്കുന്നതിനുമുമ്പുതന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ് അറിയുന്നു.” (മത്തായി 6: 7)
പ്രാർത്ഥിക്കുമ്പോൾ അതിഭാഷണം അരുത് എന്നു മിശിഹാ പഠിപ്പിച്ചു. പ്രാർത്ഥനയുടെ “ഉരുവിടല്‍” പ്രക്രിയ ദൈവപ്രീതിജനകമാണെന്ന അന്ധവിശ്വാസം അന്ന് നിലവിലുണ്ടായിരുന്നു. ഏതെങ്കിലും പ്രത്യേക പ്രാർത്ഥനയുടെ, ആവർത്തിച്ചുള്ള ഉരുവിടൽ, പ്രീതിജനകമാണെന്ന് വിശ്വസിച്ച്, ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും ഉരുവിടുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. ചോദിക്കുന്നതിനു മുൻപുതന്നെ, നിങ്ങളുടെ ആവശ്യം പിതാവ് അറിയുന്നു. പ്രാർത്ഥനയെന്നാൽ, വാചാലമായ സ്‌ത്രോത്രങ്ങളല്ല, സൃഷ്ടാവും പിതാവുമായ ദൈവത്തോട്, മനുഷ്യന്‍റെ സംസര്‍ഗ്ഗമാണ്.
“പ്രാർത്ഥിക്കുമ്പോൾ അതിഭാഷണം അരുത്” എന്നു മിശിഹാ വ്യക്തമായി കല്‍പ്പിച്ചിട്ടുണ്ട്, ഇന്ന് പ്രാർത്ഥനയെ ഒരു ഉരുവിടൽ പ്രക്രിയയായി കൊണ്ടെത്തിച്ചിരിക്കുന്നു. നീണ്ടുനിൽക്കുന്ന ആവർത്തനവിരസമായ പ്രാർത്ഥന, അതിഭാഷണാത്മകവും, മുഖസ്തുതി ജഡിലവും ആയ പ്രാർത്ഥനകൾക്ക്, ക്രിസ്തു പഠിപ്പിച്ച പ്രാർത്ഥനയുമായി യാതൊരു ബന്ധവുമില്ല.
ഇന്ന് പ്രാർത്ഥനയെ ഒരു വ്യവസായത്തിന്‍റെ ഭാഗമായി മാറ്റിക്കഴിഞ്ഞു. പ്രാർത്ഥനാപുസ്തകങ്ങൾ ആയിരക്കണക്കിന് വിറ്റഴിയുന്നു. പുതിയ പുതിയ പ്രാർത്ഥനകൾ പുസ്തകമായി അച്ചടിച്ച്, ഭക്തർക്ക് കൊടുത്ത്, ഇത് പ്രാർത്ഥനയാണ് എന്ന് പറഞ്ഞ് പ്രാർത്ഥനയുടെ അർത്ഥം തന്നെ മാറ്റിക്കളയുന്നു.