മിഡ്ഡിൽ ഈസ്റ്റ് – മധ്യപൂർവ്വേഷ്യ, ഇന്നത്തെ ഇസ്ലാമിക രാഷ്ട്രങ്ങൾ, പ്രധാനമായും ക്രിസ്ത്യാനികൾ ഉണ്ടായിരുന്ന ഭാഗം.
ക്രിസ്തുവിൻ്റെ കാലത്ത് ക്രിസ്തുവിൽ നിന്നും സുവിശേഷസന്ദേശം സ്വീകരിച്ചവരെല്ലാവരും തന്നെ സുവിശേഷപ്രഘോഷകരായി. (യോഹ 4:7-26; 9:1-12; ലൂക്കാ 19:1-10). ശ്ലീഹന്മാരുടെ പ്രബോധനങ്ങളുടെ ഫലമായി രൂപംകൊണ്ടതായിരുന്നു ആദിമക്രൈസ്തവർ. അവരുടെ ജീവിതശൈലി സുവിശേഷപ്രസംഗമായിരുന്നു. സുവിശേഷസന്ദേശം അവരുടെ ചിന്തയിലും മനോഭാവങ്ങളിലും ജീവിതശൈലിയിലും നിറഞ്ഞപ്പോൾ അവരുടെ മാനുഷികബന്ധങ്ങൾ സ്നേഹനിർഭരമായി. അതിൻ്റെ ഫലമായി വിശ്വാസികളുടെ എണ്ണം വർദ്ധിക്കുവാൻ തുടങ്ങി. (അപ്പ.2:47). അവർ തങ്ങൾ സ്വീകരിച്ച വിശ്വാസവും പുതിയ സമൂഹത്തിലെ ജീവിതാനുഭവങ്ങളും മറ്റുള്ളവരുമായി പങ്കുവച്ചു; ധൈര്യപൂർവം സുവിശേഷം പ്രഘോഷിച്ചു പോന്നു. (അപ്പ 4:31).
ക്രിസ്തുവായിരുന്നു സഭയുടെ തലവൻ. ശീഹന്മാർ തമ്മിൽ വലിയവൻ എന്നോ, ചെറിയവൻ എന്നോ വ്യത്യാസം ഉണ്ടായിരുന്നില്ല. ഏകമനസ്സോടും നിഷ്കളങ്കഹൃദയത്തോടും കൂടെ അവർ സുവിശേഷം പ്രസംഗിച്ചുപോന്നു. എന്നാൽ പിൽക്കാലത്ത് സഭാപ്രമാണികളും പുരോഹിതനേതൃത്വവും അവരുടെ നേതാവിനെ തലവനായി നിയമിച്ചു. വിശ്വാസം മതമായി രൂപീകരിച്ചു. പലവിധ പാഷണ്ഡതകൾ (തെറ്റായ വിശ്വാസം) സഭയിൽ വന്നു. മതപ്രമാണികൾ, ദൈവം ഏകനാണെന്നും ത്രിയേകനാണെന്നും വാദിച്ചു. പ്രതിമനിർമ്മാണവും വിഗ്രഹാരാധനയും തുടങ്ങി. മാതാവിനോടുള്ള ഭക്തി മാതാവിനോടുള്ള ആരാധനയായി. ഇത് പലരിലും ആശയക്കുഴപ്പമുണ്ടാക്കി. പാഷണ്ഡതകൾ ഒന്നിന് പുറകെ ഒന്നായി വന്നുകൊണ്ടിരുന്നു. ക്രിസ്തു സ്ഥാപിച്ച സഭ മറ്റൊരു സഭയായി മാറിക്കൊണ്ടിരുന്നു. ഈ സാഹചര്യത്തിൽ സഭയിൽ തന്നെ പല പ്രോട്ടസ്റ്റന്‍റുകൾ രൂപം കൊണ്ടു. വിശ്വാസികൾ അവർക്ക് ശരിയെന്ന തോന്നിയ വിശ്വാസത്തിലേക്ക് പോയി. ബഹുഭൂരിപക്ഷം വിശ്വാസികളും ഇസ്ലാമിലേക്ക് പോയി.
ക്രിസ്ത്യാനികൾ ആത്മാവിലും സത്യത്തിലും ഏകദൈവത്തെ ആരാധിക്കുന്നവർ ആയിരുന്നെങ്കിൽ ഇസ്ലാം ഉണ്ടാകുമായിരുന്നില്ല, ഇസ്ലാമിന് പ്രസക്തിയില്ല. മധ്യപൂർവേഷ്യയിലെ ക്രൈസ്തവർ പ്രവർത്തിക്കുന്ന ക്രൈസ്തവർ ആയിരുന്നു. അവർ ലോകത്തിന് വേണ്ടി പ്രവർത്തിക്കുമായിരുന്നു!