ദൈവത്തിൻ്റെ പത്ത് കല്പനകളിൽ ആദ്യത്തെ മൂന്ന് കല്പനകൾ ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ കുറിക്കുന്നതും, ബാക്കിയുള്ള ഏഴ് കല്പനകൾ മനുഷ്യരുടെ നന്മക്ക് വേണ്ടിയുള്ളതുമാണ്. ആദ്യത്തെ മൂന്ന് കല്പനകൾ അതീവ പ്രാധാന്യമുള്ളതും, വിശ്വാസത്തിൻ്റെ അടിസ്ഥാനവുമാണ്. അതുകൊണ്ടാണ് അത് ഏറ്റവും പ്രാധാന്യത്തോടെ കൊടുത്തിരിക്കുന്നത്. ഈ കല്പനകൾ ലംഘിക്കപ്പെട്ടാൽ സഭ ഒരു വിജാതീയ മതത്തിന് തുല്യമാകും.
പിതാവ് അല്ലാതെ മറ്റു ദൈവങ്ങൾ ഉണ്ടായാൽ, ആ വിശ്വാസത്തിൻ്റെ അടിസ്ഥാനം തന്നെ നഷ്ടപ്പെട്ടു.
വിഗ്രഹം ദൈവത്തെക്കുറിച്ച് തെറ്റായ ധാരണ നല്‌കും. വിഗ്രഹത്തിൽ ആണ് ദൈവം എന്ന് വിശ്വസിച്ചാൽ മനുഷ്യൻ ദൈവത്തിന് അനുരൂപപ്പെടില്ല. ദൈവരാജ്യം ഭൂമിയിൽ വരികയുമില്ല. വിഗ്രഹത്തിൽ ആണ് ദൈവം എന്ന് വിശ്വസിക്കുന്ന മനുഷ്യനിൽ എങ്ങനെ ദൈവാത്മാവ് വരും? ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. ദൈവം ആത്മാവാണ്. (1 യോഹ. 4:12, യോഹ. 1:18 , 4:24, 5:37). ദൈവം ആത്മാവ് ആയതുകൊണ്ടും, വിഗ്രഹം ഉണ്ടാക്കരുത് എന്ന് കല്പന ഉള്ളതുകൊണ്ടും, വിഗ്രഹം ഉണ്ടാക്കുന്നത് ദൈവത്തോടുള്ള അവഹേളനമാണ്.
മൂന്നാം കല്പന ദൈവത്തിൻ്റെ നാമം ഉച്ചരിക്കരുത് എന്നല്ല. ദൈവത്തിൻ്റെ നാമത്തിൽ അന്യായം നടത്തരുത് എന്നാണ് അർത്ഥം. ദൈവത്തിൻ്റെ നാമം അന്യായമായി ഉപയോഗിക്കരുത്. ദൈവത്തിൻ്റെ നാമത്തിൽ അന്യായമായി സമ്പാദിക്കുകയോ, വാണിജ്യവത്ക്കരിക്കുകയോ ചെയ്യരുത്.
വിഗ്രഹാരാധന അരുത് എന്ന് പഴയനിയമത്തിലും പുതിയനിയമത്തിലും പല ആവൃത്തി പറഞ്ഞിരിക്കുന്നു.
പുതിയനിയമത്തിൽ നിന്നുള്ള വാക്യങ്ങൾ :
വെളിപാട് 9:20
ഈ മഹാമാരികൾ നിമിത്തം മൃതരാകാതെ അവശേഷിച്ചവർ, തങ്ങളുടെ കരവേലയെപ്പറ്റി അനുതപിക്കുകയോ, പിശാചുക്കളെയും കാണാനോ കേൾക്കാനോ നടക്കാനോ കഴിവില്ലാത്തതും സ്വർണം, വെള്ളി, പിച്ചള, കല്ല്, തടി എന്നിവയാല്‍ നിർമിക്കപ്പെട്ടതും ആയ വിഗ്രഹങ്ങളെയും ആരാധിക്കുന്നതിൽ നിന്നു പിന്തിരിയുകയോ ചെയ്തില്ല.
1 തെസലോനിക്കാ 1:10
അവിടുന്നു മരിച്ചവരില്‍നിന്ന് ഉയിർപ്പിച്ചവനും വരാനിരിക്കുന്ന ക്രോധത്തില്‍നിന്നു നമ്മെമോചിപ്പിക്കുന്നവനുമായ യേശുവെന്ന അവിടുത്തെ പുത്രനെ സ്വർഗത്തില്‍നിന്നു പ്രതീക്ഷിക്കുന്നതിനും വേണ്ടി വിഗ്രഹങ്ങളിൽനിന്നു നിങ്ങൾ എപ്രകാരം പിന്തിരിഞ്ഞുവെന്നും അവർ ഞങ്ങളോടു വിവരിച്ചു.
റോമാ 1:23
അവർ അനശ്വരനായ ദൈവത്തിൻ്റെ മഹത്വം നശ്വരമായ മനുഷ്യൻ്റെയോ പക്ഷികളുടെയോ മൃഗങ്ങളുടെയോ ഇഴജന്തുക്കളുടെയോ സാദൃശ്യമുള്ള വിഗ്രഹങ്ങൾക്കു കൈമാറി.
റോമാ 2:22
വ്യഭിചാരം ചെയ്യരുതെന്നു പറയുന്ന നീ വ്യഭിചാരം ചെയ്യുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ദേവാലയം കവർച്ച ചെയ്യുന്നുവോ?
അപ്പ. പ്രവ. 7:41
അവർ ആദിവസങ്ങളിൽ ഒരു കാളക്കുട്ടിയെ നിർമിച്ച് ആ വിഗ്രഹത്തിനു ബലിയർപ്പിച്ചു. സ്വന്തം കരവേലകളിൽ അവർ ആഹ്‌ളാദപ്രകടനം നടത്തി.
അപ്പ. പ്രവ. 17:16
പൗലോസ് അവരെയും പ്രതീക്ഷിച്ച് ആഥന്‍സില്‍ താമസിക്കവേ, നഗരം മുഴുവൻ വിഗ്രഹങ്ങൾകൊണ്ടു നിറഞ്ഞിരിക്കുന്നതുകണ്ട് അവൻ്റെ മനസിൽ വലിയ ക്‌ഷോഭമുണ്ടായി.
1 കോറിന്തോസ് 8:7
എങ്കിലും ഈ അറിവ് എല്ലാവർക്കുമില്ല. ഇതുവരെ വിഗ്രഹങ്ങളുമായി ബന്ധപ്പെട്ടു ജീവിച്ച ചിലർ ഭക്ഷിക്കുന്നത് വിഗ്രഹാരാധകരുടെ മനോഭാവത്തോടെയാണ്. അവരുടെ മനസ്‌സാക്ഷി ദുർബലമാകയാൽ അതു മലിനമായിത്തീരുന്നു.
1 കോറിന്തോസ് 10:7
അവരിൽ ചിലരെപ്പോലെ നിങ്ങൾ വിഗ്രഹാരാധകർ ആകരുത്. തിന്നാനും കുടിക്കാനുമായി ജനം ഇരിക്കുകയും, നൃത്തം ചെയ്യാനായി എഴുന്നേൽക്കുകയും ചെയ്തു എന്ന് അവരെപ്പറ്റി എഴുതപ്പെട്ടിരിക്കുന്നു.
1 കോറിന്തോസ് 10:14
ആകയാൽ പ്രിയപ്പെട്ടവരേ, വിഗ്രഹാരാധനയിൽനിന്ന് ഓടിയകലുവിൻ.
1 കോറിന്തോസ് 12:2
നിങ്ങൾ വിജാതീയരായിരുന്നപ്പോൾ സംസാരശേഷിയില്ലാത്ത വിഗ്രഹങ്ങളുടെ അടുത്തേക്ക് അപഥ സഞ്ചാരം ചെയ്തിരുന്നത് ഓർക്കുന്നുണ്ടല്ലോ.
2 കോറിന്തോസ് 6:16
ദൈവത്തിൻ്റെ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്? നമ്മൾ ജീവിക്കുന്ന ദൈവത്തിൻ്റെ ആലയമാണ്.
ഗലാത്തിയാ 5:20
വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്‌സര്യം, ഭിന്നത, വിഭാഗീയചിന്ത, വിദ്വേഷം, മദ്യപാനം, മദിരോത്‌സവം ഇവയും ഈ ദൃശമായ മറ്റു പ്രവൃത്തികളുമാണ്. ഇത്തരം പ്രവൃത്തികളിലേർപ്പെടുവർ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ലെന്ന് മുമ്പു ഞാൻ നിങ്ങൾക്കു നല്‍കിയ താക്കീത് ഇപ്പോഴും ആവർത്തിക്കുന്നു.
എഫേസോസ് 5:5
വ്യഭിചാരിക്കും അശുദ്ധനും അത്യാഗ്രഹിക്കും വിഗ്രഹാരാധകനും ദൈവത്തിൻ്റെയും ക്രിസ്തുവിൻ്റെയും രാജ്യത്തിൽ അവകാശമില്ലെന്നു നിങ്ങൾ അറിഞ്ഞുകൊള്ളുവിൻ.
1 പത്രോസ് 4:3
വിജാതീയർ ചെയ്യാനിഷ്ടപ്പെടുന്നതുപോലെ, അഴിഞ്ഞാട്ടത്തിലും ജഡമോഹത്തിലും മദ്യപാനത്തിലും മദിരോത്‌സവത്തിലും നിഷിദ്ധമായ വിഗ്രഹാരാധനയിലും മുഴുകി നിങ്ങൾ മുമ്പു വളരെക്കാലം ചെലവഴിച്ചു.
1 യോഹന്നാന്‍ 5:21
കുഞ്ഞുമക്കളേ, വിഗ്രഹങ്ങളിൽ നിന്ന് അകന്നിരിക്കുവിൻ.