ക്രിസ്തുവിൽ വിശ്വസിച്ചവർ ശിഷ്യന്മാരുടെ നേതൃത്വത്തിൽ ഒരുമിച്ച് കൂടുകയും, സുവിശേഷം പ്രഘോഷിക്കുകയും, ഉപദേശം സ്വീകരിക്കുകയും ചെയ്തുപോന്നു. ഈ കൂട്ടായ്മയെ സഭയെന്നാണ് വിളിച്ചിരുന്നത്. മോശയുടെ ന്യായപ്രമാണത്തിൽ പറയപ്പെട്ടിരിക്കുന്ന ക്രിസ്തുവായിരുന്നു യേശുവെന്ന് വിശ്വസിക്കുന്നതിലൂടെ ഇവരാരും ഒരു മതം സൃഷ്ടിക്കുകയായിരുന്നില്ല. സുവിശേഷം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തിനു വേണ്ടിയാണ് ശിഷ്യന്മാരുടെ സഭ കൂടിയിരുന്നത്.
ഇന്ന് വളരെ പരിതാപകരമായ അവസ്ഥയിലേക്ക് ക്രിസ്തീയവിശ്വാസത്തെ എത്തിച്ചതിൽ റോമൻ സാമ്രാജ്യത്തിന് വലിയ പങ്കുണ്ട്. ക്രിസ്താബ്ദം 62 വരെയുള്ള ക്രൈസ്തവചരിത്രം ബൈബിളിൽ നിന്ന് ലഭ്യമാണ്. ഇതിൽ നിന്നും നാല് വർഷം മാത്രം പിന്നിട്ടപ്പോൾ അവർ ജീവിച്ചിരുന്ന സാമൂഹിക സാഹചര്യം പെട്ടെന്ന് മാറ്റപ്പെടുകയുണ്ടായി. ക്രിസ്താബ്ദം 66 ൽ റോമൻ ചക്രവർത്തിയായ നീറോയ്‌ക്കെതിരെ യഹൂദന്മാർ വിപ്ലവം ആരംഭിച്ചു. ഇതിനെ അടിച്ചമർത്തുന്നതിനായി വെസ്പാസിയൻ എന്ന വ്യക്തിയെ നീറോ ചക്രവർത്തി സൈന്യാധിപനായി നിയോഗിച്ചു. ക്രിസ്താബ്ദം 68 ജൂണിൽ നീറോ ആത്മഹത്യചെയ്തതിനെ തുടർന്ന്, വെസ്പാസിയൻ ചക്രവർത്തിയായി. അയാൾ തന്‍റെ മകനായ ടൈറ്റസിനെ യഹൂദവിപ്ലവം അമർച്ചത്താനായി പലസ്തീനിലേക്ക് അയച്ചു. ടൈറ്റസ് യഹൂദന്മാരെ പരാജയപ്പെടുത്തി, യെരുശലേം കീഴടക്കി. ക്രിസ്താബ്ദം 70 സെപ്റ്റംബറിൽ യെരുശലേം ദേവാലയം നശിപ്പിക്കപ്പെട്ടു. യെരുശലേമിന്‍റെ രാജപാതകളിലെല്ലാം യഹൂദന്മാരുടെ ചോര ഒഴുകി. നിരവധി യഹൂദന്മാർ ജയിലിലാക്കപ്പെട്ടു. നീറോയുടെയും വെസ്പാസിയന്‍റെയും കാലത്ത് നടന്ന യിസ്രയേല്യ അടിച്ചമർത്തലിൽ യെരുശലേമിലെ അപ്പൊസ്തലസഭ ഏതാണ്ട് തകർന്നു പോയി. പത്രോസിനെ റോമാക്കാർ തലകീഴായി ക്രൂശിച്ചു. യഹൂദസംസ്‌ക്കാരം പിൻപറ്റിയിരുന്ന അപ്പൊസ്തല സഭാവിശ്വാസികളിൽ ഭൂരിഭാഗവും ക്രൂരമായി വധിക്കപ്പെട്ടു. റോമൻ സാമ്രാജ്യത്തിനകത്ത് അവരുടെ ഉപദേശങ്ങൾ പൂർണമായും നിശബ്ദമാക്കപ്പെട്ടു. റോമാക്കാരുടെ സ്വന്തമായ പ്രബോധനങ്ങൾക്ക് തടയിടേണ്ട യെരുശലേംസഭ തീർത്തും ദുർബലമായതോടെ, യഥാർത്ഥ ക്രിസ്തീയവിശ്വാസം പതുക്കെ ദുർബലമായി.
യഹൂദന്മാരിൽനിന്ന് സംഘടിത നീക്കങ്ങൾ ഉണ്ടാവാതിരിക്കാൻ ആവശ്യമായ എല്ലാ നിയമ നടപടികളും റോമൻ സാമ്രാജ്യം സ്വീകരിച്ചു. പെരുന്നാളുകളിൽ യെരുശലേം ദേവാലയത്തിൽ ഒരുമിച്ച് സമ്മേളിക്കുന്നതിലൂടെ ഇവർക്കുണ്ടാകുന്ന ഐക്യം ഇല്ലാതാക്കുന്നതിന്, ക്രിസ്താബ്ദം 130 ൽ റോമൻ ചക്രവർത്തിയായ ഹാഡ്രിയൻ യെരുശലേം ദേവാലയം തകർത്തുകളഞ്ഞുകൊണ്ട്, പകരം ആ സ്ഥാനത്ത് ജൂപിറ്റർ ദേവന്‍റെ ആരാധനാലയം പണിയുവാൻ നിർദ്ദേശിച്ചു. ഇതിനെ എതിർത്ത യഹൂദന്മാരെ അടിച്ചൊതുക്കുകയും യെരുശലേം നഗരത്തിന് പുറത്താക്കുകയും ചെയ്തു. യെരുശലേമിൽ പരിച്‌ഛേദന കർമ്മം നിരോധിക്കപ്പെട്ടു. യെരുശലേം നഗരത്തെ ഒരു റോമൻ നഗരമാക്കി മാറ്റുകയും, അനേകം ദേവന്മാരുടെ ആരാധനാലയങ്ങൾ അവിടെ പണിയുകയും ചെയ്തു. റോമാക്കാർ യഹൂദന്മാരുടെമേൽ അവരുടെ രണ്ടു കണ്ണുകളും തുറന്നുവെച്ച് നിരീക്ഷണം നടത്തികൊണ്ടിരുന്നു. അവരെ നിസ്സാരമായി വിട്ടാൽ സംഭവിക്കാവുന്ന ഭവിഷ്യത്തിനെകുറിച്ച് റോമക്കാര്‍ ബോധവാന്മാരായിരുന്നു.
ക്രിസ്താബ്ദം 98-117 ൽ, ട്രാജൻ റോമൻ ചക്രവർത്തിയായിരിക്കേ, ഏഷ്യമൈനറിലെ ഗവർണറായിരുന്ന ജൂനിയർ പ്ലിനി, ക്രിസ്ത്യാനികളുടെമേൽ കുറ്റം ആരോപിച്ചുകൊണ്ട് അനേകം കത്തുകൾ ചക്രവർത്തിക്ക് അയച്ചു. ക്രിസ്ത്യാനികൾ റോമൻ ആരാധനാലയങ്ങളെയും ബലിപീഠങ്ങളെയും ഉപേക്ഷിക്കുന്നു, ക്രിസ്തുവിൻ്റെ മാർഗ്ഗത്തിൽ ആരാധിക്കുന്നു, പാട്ടുകൾ പാടുന്നു തുടങ്ങിയ കുറ്റങ്ങളാണ് പ്രസ്തുത കത്തുകളിൽ ഉൾപ്പെടുത്തിയിരുന്നത്. ചക്രവർത്തിയുടെ ഉത്തരവനുസരിച്ച് നിരവധി ക്രിസ്ത്യാനികളെ പ്ലിനി വിസ്തരിച്ചു. യഥാർത്ഥ ക്രിസ്തീയവിശ്വാസം തള്ളിപറഞ്ഞ് റോമൻ ദൈവങ്ങളുടേയും ചക്രവർത്തിമാരുടെയും വിശ്വാസം സ്വീകരിച്ചവരെ വെറുതെ വിട്ടു. ക്രിസ്തുവിനെ തള്ളിപ്പറയാതെ യഥാർത്ഥ ക്രിസ്തീയവിശ്വാസം കാത്തുസൂക്ഷിച്ചവരെ ശിക്ഷിക്കുകയും അനേകരെ വധിക്കുകയും ചെയ്തു.
ക്രിസ്താബ്ദം 313 ൽ റോമൻ ചക്രവർത്തിയായ കൊൺസ്റ്റന്റ്റെൻ ക്രിസ്ത്യാനിയായി. രാഷ്ട്രീയ ലക്ഷ്യത്തോടു കൂടിയുളള പരിവർത്തനമായിരുന്നു അത്. വളരെയധികം പിൻഗാമികൾ ഉള്ള ക്രിസ്തീയവിശ്വാസത്തെ എന്തുകൊണ്ട് തൻ്റെ മതത്തോട് ചേർത്തുകൂടാ എന്ന് അയാൾ ചിന്തിച്ചു. ക്രിസ്താബ്ദം 313 ഫെബ്രുവരിയിൽ കൊൺസ്‌റ്റെന്റ്റെൻ ചക്രവർത്തി ക്രിസ്തുമതത്തെ റോമസാമ്രാജ്യത്വത്തിന്‍റെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു. റോമാ സാമ്രാജ്യത്തിന്‍റെ ഔദ്യോഗിക മതമായി നൂറ്റാണ്ടുകളോളം നിലനിന്ന മിത്രാസ് മതത്തെ കൊൺസ്റ്റന്റ്റെൻ പൂർണമായും ഉപേക്ഷിച്ചിരുന്നില്ല. തന്‍റെ ഭരണത്തിന്‍ കീഴിലുള്ളവരിൽനിന്നും തന്‍റെ മതപരിവർത്തനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ അയാൾ പ്രത്യേകം ശ്രദ്ധിച്ചു. മിത്രാസ് മതത്തിന്‍റെ ആദർശവും അനുഷ്ഠാനങ്ങളും ഭേദഗതിവരുത്തി അയാൾ ക്രിസ്തുമതത്തിലേക്ക് സന്നിവേശിപ്പിച്ചു. ഇങ്ങനെ ഇരുകൂട്ടർക്കും അംഗീകരിക്കാൻ കഴിയുന്ന പുതിയൊരു മതത്തെ ക്രിസ്തുവിന്‍റെ പേരില്‍ സ്ഥാപിച്ചു. ഇതോടുകൂടി ക്രിസ്ത്യാനികളുടെ പീഡനങ്ങൾ അവസാനിച്ചു, ദൈവരാജ്യം സമാഗതമായെന്ന് അവർ തെറ്റിദ്ധരിച്ചു. ഒളിവിൽ കഴിഞ്ഞിരുന്ന വിശ്വാസികൾ എല്ലാം വെളിച്ചത്തിലെത്തി. ഇവരുടെ ഭീതിയും പ്രവർത്തനത്തിന്‍റെ രഹസ്യ സ്വഭാവവും അവസാനിച്ചു. ആദർശബോധമില്ലാത്ത ധാരാളം ബഹുദൈവാരാധകരും വിഗ്രഹാരാധകരും ക്രിസ്ത്യാനികളായി. മതം സാമ്പത്തികമായി ഉയർന്നു.
റോമാ സാമ്രാജ്യത്തിന്‍റെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കപ്പെട്ടതോടെ സാമ്രാജ്യത്തിന്‍റെ ഭരണ സമ്പ്രദായവും ക്രിസ്തുമതം അനുകരിച്ചു. അപ്പൊസ്തലന്മാരുടെ നിലപാടിനെ ധിക്കരിച്ച്, മൂന്നാം നൂറ്റാണ്ടോടെ തികച്ചും മനുഷ്യനിർമ്മിതമായ ഐഹിക ചട്ടക്കൂടിനുളളിൽ മതം ഒതുങ്ങി. അങ്ങനെ ക്രിസ്തുമതവിശ്വാസികൾ പുരോഹിതന്മാരും, അല്‍മായരും എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു. ഇതിൽ പുരോഹിതവർഗം ഭരണകർത്താക്കളായി, അല്‍മായർ രണ്ടാം തട്ടിലുമായി. റോമൻ സ്റ്റേറ്റിന്‍റെ റവന്യു ഡിവിഷനുകളെ അനുകരിച്ചു കൊണ്ട് ഇടവക, രൂപത എന്നിങ്ങനെ സ്ഥാപനങ്ങൾ നിലവിൽവന്നു. വിശ്വാസികളുടെ പ്രാദേശിക സഭയെ ഇടവകയാക്കിയും അതിന്‍റെ അധികാരിയായി വൈദീകനെ നിയോഗിക്കുകയും ചെയ്തു. നിരവധി വൈദീകരുടെയും ഇടവകകളുടെയും അധിപനായിരുന്നു ബിഷപ്പ്. മെത്രാന്മാർമാർക്ക് മുകളിൽ മെത്രോപ്പോലിത്തയും പിന്നെ പാത്രീയർക്കീസും വന്നു. പാത്രീയർക്കീസ് കാതോലിക്ക, മാർപാപ്പ എന്നീ സ്ഥാനങ്ങൾ മതത്തിന്‍റെ പരമാധികാരങ്ങളായി പ്രതിഷ്ഠിച്ചു. ഇപ്രകാരമുളള മതനേതൃത്വത്തെ നിയന്ത്രിച്ചിരുന്നത് റോമൻ ചക്രവർത്തിയായിരുന്നു.
ചക്രവർത്തിയുടെ പ്രതിനിധിയായി മാർപാപ്പ നിയോഗിക്കപ്പെട്ടു. കൊൺസ്റ്റന്റ്റെന് സ്ത്രീധനമായി ലഭിച്ച ലാറ്ററൻ കൊട്ടാരം മാർപ്പാപ്പയുടെ ഔദ്യോഗിക വസതിയായി. രാജകീയമായ വേഷങ്ങളും ആഢംബര ജീവിതരീതിയും ചക്രവർത്തി മാർപാപ്പയ്ക്ക് അനുവദിച്ചു. ഇപ്രകാരമുളള ഭൗതീക ഉന്നതി മൂലം യേശുവിനെക്കുറിച്ച് ഒന്നും അറിയാത്തവരും ബഹുദൈവാരാധകരുമായ ധാരാളം ആളുകൾ ക്രിസ്ത്യാനികളായി. പുറത്തുനിന്നുള്ള പ്രശ്‌നങ്ങൾ അവസാനിച്ചതോടെ ക്രിസ്ത്യാനികൾക്കിടയിലെ ആശയ സംവാദങ്ങൾ ആരംഭിച്ചു. ദൈവം ഏകനാണെന്ന് വാദിച്ച് ബിഷപ്പ് അരിയൂസും, ത്രിയേകനാണെന്ന് വാദിച്ച് ബിഷപ്പ് അത്തനേഷ്യസും രംഗത്തെത്തി. ഇപ്രകാരമുള്ള ആശയകുഴപ്പങ്ങൾ ഒഴിവാക്കി ക്രിസ്തുമതത്തിന് ഏക സ്വഭാവമുണ്ടാക്കേണ്ടതിന് നിഖ്യ എന്ന സ്ഥലത്ത് ഒരു കൗൺസിൽ കൊൺസ്റ്റന്റ്റെൻ സംഘടിപ്പിച്ചു. ഒരു മാസം നീണ്ടുനിന്ന വാദപ്രതിവാദങ്ങൾക്കു ശേഷം അധ്യക്ഷസ്ഥാനം വഹിച്ചിരുന്ന ചക്രവർത്തി ത്രിയേക സിദ്ധാന്തത്തെ ക്രിസ്തുമതത്തിന്‍റെ അടിസ്ഥാനവിശ്വാസമായി പ്രഖ്യാപിച്ചു. ഈ വിശ്വാസത്തിൽ തൃപ്തരല്ലാത്ത അനേകം ആളുകൾ സഭയിൽ നിന്നും കൊഴിഞ്ഞുപോയി. ഇന്നും കൊഴിഞ്ഞു പോയ്‌ക്കൊണ്ടിരിക്കുന്നു!