“മതവും രാഷ്ട്രവും”

By April 7, 2019History, Religion

ബൈബിളിൽ മൂന്ന് തരം ലോകജനതയെ കാണുവാൻ സാധിക്കും.1, യെഹൂദർ അല്ലെങ്കിൽ യിസ്രായേൽ 2, യവനർ അല്ലെങ്കിൽ ജാതികൾ 3, ദൈവജനം അല്ലെങ്കിൽ ആത്മീയസഭ. പ്രാകൃതമതക്കാരും വിഗ്രഹാരാധികളുമായിരുന്ന കൽദായരുടെ (Chaldean) ഇടയിൽ നിന്നു അബ്രാഹാമിനെ ദൈവം വിളിച്ചതും വേർതിരിച്ചതും ശരിയായ ദൈവവിശ്വാസത്തിനു വേണ്ടി നിലകൊള്ളാനായിരുന്നു.

ജാതികളുടെ കൂട്ടത്തിൽ മതരഹിതസമൂഹവും മതാധിഷ്ഠിതസമൂഹവും ഉണ്ടെങ്കിലും മിക്ക രാജ്യങ്ങളിലും മതം രാഷ്ട്രത്തെ വിഴുങ്ങി കളയുന്നു.  ഇവർ രണ്ടുകൂട്ടരിൽ നിന്നും ദൈവജനം വ്യത്യസ്ഥമാണ്. ദൈവജനത്തിനു പ്രത്യേക മതമോ രാഷ്ട്രമോ ഇല്ല! എന്നാൽ രണ്ടു കൂട്ടരുടെയും ഇടയിൽ അവർ പാർക്കുകയും ചെയ്യും. ദൈവജനം ഒരത്ഭുതമായി നിലകൊള്ളും! അതുകൊണ്ട് ദൈവജനങ്ങളുടെ സഭയിലെ അംഗങ്ങളായ ആത്മാവിൽ നയിക്കപ്പെടുന്നവരായ ക്രിസ്ത്യാനികൾ ഒരു മതത്തിൻ്റെയും അനുയായികളല്ല. അവർ സത്യദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന ദൈവവിശ്വാസികളാണ്.

മനുഷ്യൻ്റെ സാമൂഹ്യജീവിതത്തിൻ്റെ അടിസ്ഥാന ഘടകം വ്യക്തികൾ ആണ്. പല കുടുംബങ്ങൾ ഉൾപ്പെടുന്ന ഒരു പ്രദേശമായി കുടുംബം വികസിച്ചപ്പോൾ ഗോത്രങ്ങൾ (clan) നിലവിൽവന്നു. ഈ ഗോത്രങ്ങളാണ് പിന്നീടു വർഗ്ഗമായിട്ടു (tribe) മാറിയത്. കാലക്രമത്തിൽ രക്തബന്ധത്തിൻ്റെ പ്രസക്തി കുറയുകയും തൽസ്ഥാനത്തു ദൈവാവബോധം ശക്തമാകുകയും ചെയ്തു. ഈ ദൈവബോധമാണ് പിന്നീടു മതമായി (Religion) മാറിയതും ജനമനസ്സുകളെ കീഴടക്കിയതും. നിയമങ്ങളിൽ അധിഷ്ഠിതമായ ഈ ദൈവബോധത്തെയാണ് സാമൂഹ്യ ശാസ്ത്രകാരന്മാർ മതബോധം എന്ന ഓമനപേരിട്ടു വിളിച്ചത്.

എല്ലാ മനുഷ്യൻ്റെ ഉള്ളിലും ദൈവബോധമുണ്ട്. ഏതുമനുഷ്യൻ്റെയും അന്തരംഗത്തിൽ ദൈവത്തെ കുറിച്ചുള്ള ഒരു ബോധം നല്കിയത് സൃഷ്ടാവ് തന്നെയാണ്. അതാണ് മനുഷ്യനുള്ള വലിയ വിശേഷഗുണവും. ദൈവം ഇല്ല എന്നു പറയുന്നവൻ്റെ ഉള്ളിൽപോലും ദൈവബോധമുണ്ട്. കാരണം ദൈവത്തിൻ്റെ തുടച്ചു മാറ്റാൻ കഴിയാത്ത വെളിപാട് ദൈവം തന്നെ അവൻ്റെ മനഃസാക്ഷിക്കുള്ളിൽ നിക്ഷേപിച്ചിരിക്കുകയാണ്.

ദൈവത്തെക്കുറിച്ചുള്ള തെറ്റായ ചിന്താഗതികളും ധാരണകളും മനുഷ്യർ പുലർത്തിയിരുന്നതാണ് വർഗ്ഗങ്ങളിൽ മതബോധം ഉണ്ടാകുവാൻ കാരണം. അങ്ങനെയാണ് മനുഷ്യരിലും ഇഴജാതിയിലും നാൽക്കാലിയിലും, തൂണിലും തുരുമ്പിലും ദൈവത്തെ അന്വേഷിക്കേണ്ട ഗതികേടിലേക്ക് മനുഷ്യൻ മാറിയത്. ഇന്നു ലോകത്തിൽ കാണുന്ന എല്ലാ മതങ്ങളുടെയും ഉത്ഭവത്തിനു കാരണം മനുഷ്യൻ്റെ അജ്ഞതയാണ്. വാസ്തവത്തിൽ ആളുകൾ ജ്ഞാനികളെന്ന് അവകാശപ്പെട്ടുകൊണ്ട് മൂഡൻമാരായി തീർന്നു. ഒരോ മതത്തിനും അവരുടെ സങ്കല്പത്തിനും മനോധർമ്മത്തിനും അനുസരിച്ചുള്ള അനുഷ്ഠാനങ്ങളും ആചാരങ്ങളും ഉണ്ടായത് മനുഷ്യരുടെ അജ്ഞതയെ മതങ്ങൾ ചൂഷണം ചെയ്തതുകൊണ്ടാണ്. മതബോധം അതിൻ്റെ ചിട്ടവട്ടങ്ങൾക്കനുസരിച്ചുള്ള നിയമസംഹിതകൾ കൊണ്ടു ഗോത്രങ്ങളെ മതിലുകെട്ടി സംരക്ഷിച്ചു. കാലാന്തരത്തിൽ ഗോത്രങ്ങളുടെ അംഗസംഖ്യ വർദ്ധിക്കുകയും നിലനിൽപ്പിനായി ഭൂപ്രദേശങ്ങൾ കൈയ്യടക്കുകയും അവിടങ്ങളിൽ ഒക്കെയും മതബോധത്തിൽ ഊന്നിയുള്ള ദേശബോധം ഉണ്ടാവുകയും, അതു രാഷ്ട്രബോധമായി വളരുകയും നാം ഇന്നു കാണുന്ന വിധത്തിലേക്കു രാഷ്ട്രബോധവും മതബോധവും വളരുകയും ചെയ്തു.

നാം ജീവിക്കുന്ന ഈ കാലത്തെ ശരിയായി വിവേചിച്ചറിയുവാൻ ഒരു വിശ്വാസിക്കു കഴിഞ്ഞില്ലെങ്കിൽ അവരുടെ വിശ്വാസത്തിൽ ഒരു സത്യസന്ധതയുമില്ല. ഇന്നത്തെ ലോകത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്ന ഏതൊരു വ്യക്തിക്കും മനസിലാകും മതവിശ്വാസമല്ല ദൈവവിശ്വാസമാണ് മനുഷ്യന്  അനിവാര്യമെന്ന്. മതവിശ്വാസം ഒരിക്കലും ദൈവവിശ്വാസമല്ല. അത് രണ്ടു സമാന്തരരേഖകളെ പോലെയാണ്, അത് ഒരു കാരണവശാലും സന്ധിക്കുകയില്ല. തികഞ്ഞ ദൈവവിശ്വാസിക്ക് നല്ല മതവിശ്വാസിയായിരിക്കാൻ സാധിക്കില്ല, അതുപോലെ ഒരു മതവിശ്വാസിക്ക് ദൈവത്തെ പ്രസാദിപ്പിക്കുവാനും കഴിയില്ല. ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുന്ന വിശ്വാസികൾ കാലത്തെ വിവേചിക്കുന്നവരും, ആത്മാവിനെ വിവേചിക്കുന്നവരും, സ്വർഗ്ഗത്തിൻ്റെ വെളിപ്പെടുത്തലുകൾ അറിയുന്നവരുമാകണം.

Share: