
യഹൂദർക്ക് ഒരു ദേവാലയമേ അനുമതി ഉണ്ടായിരുന്നുള്ളൂ. അതാണ് യഹൂദർ നിർമിച്ച ഭൗതിക ദേവാലയം അഥവാ പ്രതീകാത്മ ദേവാലയം ആയ ജെറുസലേം ദേവാലയം. ആ ദേവാലയത്തിലാണ് യഹൂദർ ബലിയർപ്പണം നടത്തിയിരുന്നത്. സിനഗോഗുകളിൽ വേദപുസ്തക വായന, പ്രസംഗം, പ്രാർത്ഥന എന്നിവ മാത്രമേ ഉള്ളൂ. ജറുസലേം ദേവാലയം നശിപ്പിക്കപ്പെട്ടതിനു ശേഷം, ദേവാലയവും ബലിയർപ്പണവും അവർക്ക് ഇല്ല. അബ്രഹാം ഇസഹാക്കിനെ ബലികഴിക്കാൻ കൊണ്ടുപോയ മോറിയാ മലയിലായിരുന്നു ജറുസലേം ദേവാലയം സ്ഥിതിചെയ്തിരുന്നത്.
സോളമൻ, ബി.സി 960 – ൽ ഏഴുവർഷം കൊണ്ട് പണിത ദേവാലയം, ബി.സി 597 – ൽ ബാബിലോണിയക്കാർ നശിപ്പിച്ചു. വീണ്ടും യഹൂദർ ആ ദേവാലയം പുതുക്കി പണിതുവെങ്കിലും സോളമൻ്റെതുപോലെ ഭംഗിയായിരുന്നില്ല. ഹെറോദേശിൻ്റെ കാലത്ത് ബി.സി 20 – ൽ പണിയാൻ തുടങ്ങിയ ദേവാലയം എ.ഡി 64 – ൽ ആണ് പൂർത്തിയായത്. എ.ഡി 70 – ൽ റോമാക്കാർ ഈ ദേവാലയം കല്ലിന്മേൽ കല്ലു ശേഷിക്കാതെ നശിപ്പിച്ചു.
ജറുസലേം ദേവാലയം നശിച്ചതിനുശേഷം അവശേഷിച്ച പടിഞ്ഞാറുഭാഗത്തുള്ള മതിലാണ് വിലാപമതിൽ എന്ന പേരിൽ ഇന്ന് അറിയപ്പെടുന്നത്. ഇവിടെ യഹൂദർ തങ്ങളുടെ തല ഭിത്തിയോടു ചേർത്തു പ്രാർത്ഥിക്കുന്നതു കാണാം. നഷ്ടപ്പെട്ടുപോയ ദൈവാലയവും പിതൃനഗരവും തിരിച്ചുകിട്ടാനുള്ള പ്രാർത്ഥനയാണിത്. ഇന്നും പെസഹ ആചരിക്കാൻ ലോകത്തിൻ്റെ നാനാഭാഗത്തു നിന്നും അവർ അവിടെ ഒത്തുകൂടുന്നുണ്ട്.
1948 മുതൽ 1967 വരെ ജറുസലേം ജോർദാൻ രാജാവിൻ്റെ അധീനതയിലായിരുന്നു. ആ കാലഘട്ടത്തിൽ യഹൂദർക്ക് പ്രവേശനം നിഷേധിച്ചിരുന്നു. 1967 – ൽ ഇസ്രായേൽ സൈന്യം ജറുസലേം പിടിച്ചെടുത്തതോടുകൂടി അവർക്ക് അവിടെ പ്രാർത്ഥിക്കാൻ പരിപൂർണ്ണ സ്വാതന്ത്ര്യം ലഭിച്ചു.
ജറുസലേം ദൈവാലയം യഹൂദരുടെ ജീവിതത്തിൻ്റെ കേന്ദ്രഭാഗമായിരുന്നു. എ.ഡി 66 – ൽ യഹൂദരും റോമാക്കാരും തമ്മിലുണ്ടായ യുദ്ധം നാലുവർഷം നീണ്ടുനിന്നു. ചെറിയൊരു പ്രദേശമായ ജറുസലേം ആണ് ആ കാലഘട്ടത്തിലെ ലോകത്തിൻ്റെ വൻ ശക്തിയായിരുന്ന റോമാസാമ്രാജ്യത്തെ വെല്ലുവിളിച്ചത്. പീലാത്തോസിനു ശേഷം യഹൂദരെ ഭരിച്ചിരുന്ന ഗവർണർ ഫ്ളോറൻസ്, ജറുസലേം ദേവാലയഭണ്ഡാരത്തിൽ നിന്നും 17 സ്വർണ്ണ നാണയങ്ങൾ നികുതിയായി ആവശ്യപ്പെട്ടു. യഹൂദർക്ക് അത് സമ്മതമല്ലായിരുന്നു. അതാണ് യുദ്ധത്തിനു കാരണം. നാലുകൊല്ലം നീണ്ടുനിന്ന യുദ്ധത്തിൽ ശവശരീരങ്ങൾ കുന്നുകൂടി, ദേവാലയ മതിലുകൾ തകർക്കാൻ റോമൻ ഭടന്മാർക്ക് കഴിയാതെ വന്നപ്പോൾ, മരം കൊണ്ടുള്ള വാതിലുകൾക്കു തീ കൊളുത്തി. ഒരു റോമൻ ഭടൻ കത്തുന്ന ഒരു പന്തം പരിശുദ്ധ സ്ഥലത്തിൻ്റെ സമീപത്തുള്ള മുറിയിലേക്ക് എറിഞ്ഞു. അവിടെ ശേഖരിച്ചിരുന്ന ഉണക്ക വിറകിനും ഭരണികളിൽ സൂക്ഷിച്ചിരുന്ന എണ്ണക്കും തീ പിടിച്ചു. ക്രിസ്തുവിൻ്റെ വാക്കുകളുടെ നിവൃത്തിയെന്നവണ്ണം ജറുസലേം ദേവാലയം തകർക്കപ്പെട്ടു. എ.ഡി 70 ൽ പെസഹാനാളിൽ ജറുസലേം ദേവാലയം പൂർണ്ണമായും തകർക്കപ്പെട്ടു.
ക്രിസ്തുവിൻ്റെ കാലത്തെ പലസ്തീൻ, റോമൻ ഭരണത്തിന് കീഴിൽ ആയിരുന്നെങ്കിലും, ജറുസലേം, പ്രധാന പുരോഹിതനായ കയ്യഫാസിൻ്റെയും, അമ്മായപ്പനായ അന്നാസിൻ്റെയും ഭരണത്തിന് കീഴിലായിരുന്നു. കൂടാതെ റോമാക്കാരുടെയും ക്രൂരനായ ഹെറോദേശിൻ്റെയും കീഴിൽ പാവപ്പെട്ടവർ വളരെ ക്ലേശിച്ചിരുന്നു. അധികാരവും പണവും പ്രതാപവും ഒത്തുചേർന്ന പദവിയായിരുന്നു പ്രധാന പുരോഹിതൻ്റെ പദവി. ഗലീലിയായിലെ ഭരണം ഹെറോദേശിൻ്റെ കീഴിലായിരുന്നു. അയാളുടെ അസന്മാർഗ്ഗ ജീവിതവും സ്നാപകൻ്റെ മരണവും ജനങ്ങളിൽ വെറുപ്പുണ്ടാക്കി. ജനങ്ങൾ പട്ടിണി കിടന്നു വലയുമ്പോഴും അയാൾ സുഖലോലുപനായി പുതിയ പുതിയ കൊട്ടാരങ്ങളിൽ ആഡംബര ജീവിതം നയിച്ചു. വിഗ്രഹാരാധന യഹൂദർക്ക് നിഷിദ്ധമായിരുന്നു, ഇത് റോമാക്കാർക്ക് ഉണ്ടായിരുന്നതിനാൽ അവർ റോമാക്കാരെ വെറുത്തിരുന്നു. പല വിപ്ലവകാരികളും അക്കാലത്ത് പലസ്തീനായിൽ ഉണ്ടായിരുന്നു. ഇതിൽ നിന്നെല്ലാം മിശിഹാവഴി മോചനം ലഭിക്കുമെന്നായിരുന്നു അവരുടെ വിശ്വാസം. എന്നാൽ മിശിഹായുടെ കുരിശുമരണം അവരെ നിരാശരാക്കി. യുദ്ധത്തിലൂടെ അവരെ ഭൗതികമായി രക്ഷിക്കുന്ന ക്രിസ്തുവിനെയാണ് അവർ പ്രതീക്ഷിച്ചിരുന്നത്.
യഹൂദർക്കും “സകല ജാതികൾക്കും” പ്രധാനമായിരുന്ന ജറുസലേം ദേവാലയത്തെ ക്രിസ്തു ആദരിച്ചിരുന്നു. എന്നാൽ ക്രിസ്തുവിൻ്റെ പ്രവചനങ്ങളുടെ നിവൃത്തിയെന്നവണ്ണം ജെറുസലേം ദേവാലയം തകർക്കപ്പെട്ടു. ഇനി വേറൊരു ഭൗതിക ദേവാലയം നിർമ്മിക്കാൻ ദൈവത്തിൽ നിന്ന് അനുമതിയില്ല. ക്രിസ്തു യഥാർത്ഥ ദേവാലയം മനുഷ്യർക്ക് വെളിപ്പെടുത്തി. മനുഷ്യർ ആകുന്ന ആലയമാണ് യഥാർത്ഥ ആലയം. അതുകൊണ്ട് ഭൗതിക ദേവാലയം അഥവാ പ്രതീകാത്മ ദേവാലയം ഇനി അവശേഷിക്കുന്നില്ല. ക്രിസ്തുവിൻ്റെ മരണസമയത്ത് ദേവാലയത്തിൻ്റെ തിരശ്ശീല രണ്ടായി കീറിപ്പോയതും നമ്മൾ കാണുന്നു!