യേശുക്രിസ്തുവിൻ്റെ ശിഷ്യന്മാരുടെ ചരിത്രം!

By February 11, 2019History

മുഖമോ സഭയോ നോക്കാതെ സത്യം സത്യമായി സുവിശേഷം പറഞ്ഞിരുന്നവരായിരുന്നു ക്രിസ്തുവിൻ്റെ ശിഷ്യന്മാർ. ക്രിസ്തുവിൻ്റെ സുവിശേഷം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തിനു വേണ്ടിയാണ് ശിഷ്യന്മാർ‍ സഭ കൂടിയിരുന്നത്.

മിശിഹായും കുടുംബവും ഗലീലിയ രാജ്യത്തെ സെഫോറീസ് പട്ടണത്തിന് അടുത്തുള്ള നസ്രത്തിലെ ആണ് ജീവിച്ചത്. നസ്രത്തിൽ നിന്നും 50 കിലോമീറ്റർ അധികം ദൂരം ഉള്ള കഫെർണാമിലും ബെത്‌സൈദായിലും ചെന്നാണ് മിശിഹാ ആദ്യ ശിഷ്യഗണത്തെ തിരഞ്ഞെടുക്കുന്നത്.

1) പത്രോസ്

ഫിലിപ്പിൻ്റെ രാജ്യത്തെ ബെത്‌സൈദാക്കാരനാണ് യോനായുടെ പുത്രനായ ശിമയോൻ പത്രോസ്. വിവാഹം കഴിച്ചത് ഗലീലിയ രാജ്യത്തെ കഫെർണാമിൽ നിന്നാണ്. കഫെർണാമിൽ വച്ചാണ് ശിമയോൻ മിശിഹായെ പരിചയപ്പെടുന്നത്. ഫിലിപ്പോസും, അന്ത്രയോസും, ശിമയോനും ബെത്‌സൈദാക്കാർ ആണ്. പത്രോസിൻ്റെ വഞ്ചിയിലാണ് മറ്റ് ശിഷ്യന്മാർ മീൻ പിടിച്ചിരുന്നത്. യേശുവിനേക്കാൾ ഒന്നോ രണ്ടോ വയസ്സ് കുറവുള്ള, ശ്ലീഹന്മാരിൽ മൂത്ത ആൾ ആയിരുന്നു. അനുജൻ അന്ത്രയോസ്, സ്നാപക യോഹന്നാൻ്റെ ശിഷ്യനായിരുന്നു. പത്രോസിൻ്റെ വഞ്ചിയിൽ കയറിനിന്നാണ് മിശിഹാ ആദ്യമായി പൊതുജനത്തോട് പ്രസംഗിച്ചത്.

2) അന്ത്രയോസ്

പത്രോസിൻ്റെ ഇളയ സഹോദരൻ ആണ് അന്ത്രയോസ്. കുടുംബത്തിൻ്റെ വഞ്ചികളിൽ ജേഷ്ഠനെ സഹായിച്ചിരുന്നെങ്കിലും, സ്നാപകയോഹന്നാൻ്റെ ശിഷ്യനായി. യോഹന്നാൻ ശ്ലീഹായുടെ സുഹൃത്തും സാമ്യപ്രായക്കാരനും ആയിരുന്നു. അന്ത്രയോസ് ആണ് മിശിഹാ ആദ്യമായി വിളിച്ച ശ്ലീഹാ. ഒരു ദിവസം യേശുവിൻ്റെ കൂടെ താമസിച്ച്‌ മനസ്സിലാക്കിയതിന് ശേഷം, പത്രോസിന് മിശിഹായെ പരിചയപ്പെടുത്തുന്നത് അന്ത്രയോസ് ആണ്.

3) യാക്കോബ്

സെബദിയുടെയും സലോമിയുടെയും പുത്രനായ യാക്കോബ് ബെത്‌സൈദാക്കാരൻ ആണ്. പത്രോസിൻ്റെ സുഹൃത്തും ആവശ്യഘട്ടങ്ങളിൽ സഹായിയും ആയിരുന്നു. ഇടിമുഴക്കത്തിൻ്റെ സന്തതികൾ എന്നാണ് സെബദിപുത്രന്മാരെ മിശിഹാ വിളിച്ചിരുന്നത്. അനുജനായ യോഹന്നാൻ, സ്നാപക യോഹന്നാൻ്റെ ശിഷ്യനായി.

4) യോഹന്നാൻ

സെബദിയുടെയും സലോമിയുടെയും ഇളയ പുത്രനാണ് യോഹന്നാൻ. ചെറിയ പ്രായത്തിൽ തന്നെ സ്നാപക യോഹന്നാൻ്റെ ശിഷ്യനായി. മിശിഹായെ പരിചയപ്പെട്ട അന്ന്, അന്ത്രയോസിനൊപ്പം മിശിഹായുടെ ശിഷ്യനായി. ജേഷ്ഠനായ യാക്കോബിന് മിശിഹായെ കുറിച്ചുള്ള അറിവ് കൊടുത്തത് യോഹന്നാൻ ആണ്. ജേഷ്ഠനായ യാക്കോബിനെ വഞ്ചിയിൽ മീൻ പിടിക്കാൻ സഹായിച്ചിരുന്നതായി കാണാം (മത്തായി 4:21). ശ്ലീഹന്മാരിൽ ഏറ്റവും പ്രായം കുറഞ്ഞ (16-18) ശിഷ്യൻ ആയിരുന്നു.

5) ഫിലിപ്പോസ്

ഫിലിപ്പോസ് ബെത്‌സൈദാക്കാരൻ ആണ്. ഫിലിപ്പ് എന്ന ഗ്രീക്ക് പേരിൽ അറിയപ്പെട്ടിരുന്നു. ഫിലിപ്പോസിനെ മിശിഹാ വിളിക്കുന്ന ഭാഗം യോഹന്നാൻ 1:43-51 ൽ കാണാം. ഫിലിപ്പോസും നഥാനിയേലും സുഹൃത്തുക്കളും, മോശയുടെ നിയമങ്ങളും പ്രവചനങ്ങളും സിനഗോഗിൽ പഠിക്കുന്നവർ ആയിരുന്നു. ഫരിസേയവിഭാഗത്തിൽ നിന്നും ഉള്ളവർ ആയിരുന്നു.

6) നഥാനിയേൽ (ബർത്തലോമിയോ)

നഥാനിയേൽ ഗലീലിയ രാജ്യത്തെ കാനാൻകാരൻ ആണ് (യോഹന്നാൻ 21:2). ബർത്തലോമിയോ എന്ന വിളിപ്പേരും നഥാനിയേലിന് ഉണ്ട്. തലോമ്യോ എന്ന ആളുടെ മകൻ എന്നോ, അല്ലെങ്കിൽ അങ്ങനെ പേരുള്ള ഒരു ഗ്രാമത്തിൽ നിന്നും ഉള്ളവൻ എന്നോ ആണ് അർത്ഥം. ഫിലിപ്പോസിൻ്റെ സുഹൃത്തും നിയമപുസ്തകങ്ങളുടെ സഹപാഠിയും സമപ്രായനും ഫരിസേയ വിഭാഗത്തിൽപെട്ടവനും ആയിരുന്നു. മിശിഹായുടെ വിളിയിൽ തന്നെ മിശിഹായെ തിരിച്ചറിഞ്ഞു.

7) മത്തായി

ഹൽപ്പൈയുടെ പുത്രനാണ് മത്തായി. ഗലീലിയ രാജ്യത്തെ ഒരു തീരദേശപട്ടണത്തിൽ ഹെരോദ് അന്തിപ്പായ്ക്കായി ചുങ്കം പിരിക്കുന്നത് ആയിരുന്നു ജോലി. ലേവി എന്ന പേരും ഉണ്ട്. 28-30 വരെ പ്രായം ഉണ്ടായിരുന്നു. ഹീബ്രു ഭാഷയിൽ മത്തായി എഴുതിയ സുവിശേഷത്തിൽ മിശിഹാ യഹൂദരുടെ രാജാവ്, മോശയുടെ പ്രവചനങ്ങളുടെ പൂർത്തീകരണം എന്ന് കാണുന്നു.

8 ) തോമസ്

മുകളിൽ ഉള്ള ഏഴ് ശിഷ്യൻമാരെയും മിശിഹാ വിളിച്ചതായാണ് സുവിശേഷം രേഖപ്പെടുത്തുന്നത്. എന്നാൽ ബാക്കി ഉള്ളവർ മിശിഹാക്ക് ഒപ്പം ചേരുകയാണ് ചെയ്തത്. അവർ മിശിഹാക്ക് ഒപ്പം ഉണ്ടായിരുന്നവരോ, മിശിഹായെ തേടി വന്നവരോ ആണ്. തോമസ്, രൂപത്തിൽ യേശുവിനെപോലെ ആയിരുന്നതിനാൽ, ഇരട്ട എന്ന് സുറിയാനിയിൽ അർത്ഥം ഉള്ള തോമാ എന്ന് വിളിക്കപ്പെട്ടു. തോമ, മറിയം വഴി മിശിഹായുടെ ബന്ധു ആണ്. തോമയുടെ നടപടിപുസ്തക പ്രകാരം, മിശിഹായുടെ കുടുംബക്കാരുടെ തൊഴിലായ തച്ചൻ പണി തന്നെയാണ് തോമയും ചെയ്തിരുന്നത്.

9) യാക്കോബ്

ഹൽപ്പൈയുടെയും മറിയത്തിൻ്റെയും മകൻ ആണ് യാക്കോബ്. ഹൽപ്പൈ, ഔസെഫ് പിതാവിൻ്റെ സഹോദരൻ ആണ്. മിശിഹായുടെ കുടുംബം ആയതിനാൽ തച്ചൻ പണി ആയിരുന്നു. എസ്സെനി അല്ലേൽ ഫരിസേയ വിഭാഗം ആയിരുന്നു. ഗലീലിയ രാജ്യത്തെ നസ്രത്തായിരുന്നു നാട്.

10) യൂദാ തദേവൂസ്

യാക്കോബിൻ്റെ ഇളയ സഹോദരൻ ആണ് യൂദാ തദേവൂസ്. 20-25 വരെ വയസ്സുള്ള ആൾ ആയിരുന്നു. ഗലീലിയ രാജ്യത്തെ നസ്രത്ത് ആണ് നാട്. മിശിഹായുടെ കുടുംബം ആയിരുന്നു.

11) ശിമയോൻ

യഹൂദരിലെ നാലാം വിഭാഗമായ ക്നാനായി അഥവാ സിയോണിസ്റ്റ് വിഭാഗക്കാരൻ ആണ്. യൂദാ രാജ്യക്കാരൻ ആയിരുന്നു. വിപ്ലവക്കാരൻ ആയിരുന്നു. മിശിഹായുടെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കിയ അദ്ദേഹം, സുവിശേഷത്തിനു വേണ്ടി സഹദാ ആയി.

12) യൂദാസ് സ്കറിയോത്ത

ശിമയോൻ സ്കറിയോത്തയുടെ മകൻ ആണ് യൂദാസ്. യൂദയാ രാജ്യത്തെ കറിയോത്ത എന്ന സ്ഥലക്കാരൻ ആയിരുന്നു. യഹൂദരിലെ നാലാം വിഭാഗമായ ക്നാനായി അഥവാ സിയോണിസ്റ്റ് വിഭാഗക്കാരൻ ആണ്. ശ്ലീഹന്മാരിലെ കാര്യസ്ഥനും പണസഞ്ചി സൂക്ഷിപ്പുകാരനും ആയിരുന്നു. മിശിഹായിലൂടെ വിപ്ലവം ഉണ്ടാക്കാം എന്ന ആഗ്രഹത്താൽ എത്തിയ യൂദാസ്, പണപരമായ ഇടപാടുകൾ നടത്തുന്നതിൽ വിദഗ്ധൻ ആയിരുന്നു.

13) മത്തിയാസ്

യൂദാസ് സ്കറിയോത്തക്ക് പകരം പന്ത്രണ്ടാമനായി തിരഞ്ഞെടുക്കപ്പെട്ടവൻ ആണ് മത്തിയാസ്. മിശിഹായുടെ ജീവിതത്തിലെ ആദ്യം മുതൽ ഉള്ള ആൾ ആയിരുന്നു.

Share: